ടെഹ്‌റാൻ: അമേരിക്കയുമായുള്ള ചർച്ചകളിൽ പാകിസ്ഥാൻ നടത്തുന്ന ഇടപെടലുകളെ ഇറാൻ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവും എംപിയുമായ ഇബ്രാഹിം റെസായി പരിഹസിച്ചു. പാകിസ്ഥാൻ എപ്പോഴും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.(Pakistan not qualified enough to mediate, Iran says it has no neutral stance)
അമേരിക്കയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പാകിസ്ഥാൻ ഒന്നും സംസാരിക്കാറില്ല. ഒരു മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം. എന്നാൽ പാകിസ്ഥാൻ എപ്പോഴും ഒരു പക്ഷത്തേക്ക് മാത്രം ചായുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, സംഘർഷം ലഘൂകരിക്കാൻ ഇറാൻ മുന്നോട്ടുവെച്ച നിർണ്ണായക നിർദ്ദേശങ്ങൾ ചർച്ചയാകുകയാണ്.
ഇറാന് മേൽ ഇനി സൈനിക നീക്കം ഉണ്ടാകില്ലെന്ന് അമേരിക്ക സുരക്ഷാ ഗ്യാരണ്ടി നൽകണം. സുരക്ഷാ ഉറപ്പ് ലഭിച്ചാൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യം പരിഗണിക്കും. ആദ്യ രണ്ട് ഉപാധികളും അംഗീകരിക്കപ്പെട്ടാൽ പിന്നീട് ആണവ വിഷയങ്ങളിൽ ചർച്ചയാകാമെന്നും ഇറാൻ പറയുന്നു. ഹോർമൂസ് വിഷയത്തിൽ ഒമാൻ വിദേശകാര്യമന്ത്രിയുമായി ഇറാൻ ചർച്ച നടത്തി. ഹോർമൂസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും നാവികരെയും സ്വതന്ത്രരാക്കേണ്ടത് ലോകത്തോടുള്ള ഉത്തരവാദിത്തമാണെന്ന് ഒമാൻ വ്യക്തമാക്കി. അയൽരാജ്യങ്ങളുടെ സഹകരണം പ്രധാനമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രിയും സമ്മതിച്ചു.

