ബൊഗോട്ട: തെക്കൻ കൊളംബിയയിലെ കോക്ക മേഖലയിലുള്ള പാൻ-അമേരിക്കൻ ഹൈവേയിൽ നടന്ന സ്ഫോടനത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെത്തുടർന്ന് തകർന്ന വാഹനങ്ങളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പതിറ്റാണ്ടുകൾക്കിടയിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമാണിതെന്ന് പ്രാദേശിക ഗവർണർ ഒക്ടാവിയോ ഗുസ്മാൻ വിശേഷിപ്പിച്ചു.(Death toll in Colombia highway bus bomb attack rises to 20)
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആക്രമണത്തിന് പിന്നിൽ റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയയുടെ വിമത വിഭാഗമാണെന്ന് കുറ്റപ്പെടുത്തി. “ഈ ആക്രമണം നടത്തിയവർ ഭീകരരും ഫാസിസ്റ്റുകളും മയക്കുമരുന്ന് മാഫിയകളുമാണ്. അവരെ നേരിടാൻ നമ്മുടെ ഏറ്റവും മികച്ച സൈനികർ തന്നെ രംഗത്തിറങ്ങണം,” പെട്രോ എക്സിൽ കുറിച്ചു.
കൊല്ലപ്പെട്ടവരിൽ 15 സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. സ്ഫോടനത്തെത്തുടർന്ന് ദേശീയ പാതയിൽ 200 മീറ്ററോളം വലിപ്പമുള്ള ഗർത്തം രൂപപ്പെട്ടു. സ്ഫോടനത്തിന്റെ ആഘാതത്തിൽ തങ്ങൾ മീറ്ററുകളോളം ദൂരേക്ക് തെറിച്ചുപോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളിയാഴ്ച മുതൽ കോക്ക മേഖലയിൽ ചെറിയ തോതിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാലി നഗരത്തിലെ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

