ചെന്നൈ: ഓടുന്ന ബസിനുള്ളിൽ ബസ് റൂട്ട് വായിച്ചുനൽകാൻ വിസമ്മതിച്ചതിന് 74-കാരനെ യുവാവ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ചെന്നൈ നഗരത്തിൽ ഏപ്രിൽ 26-നാണ് സംഭവം നടന്നത് (Chennai Bus Murder Case). സംഭവത്തിൽ വില്ലുപുറം സ്വദേശിയായ അമർനാഥ് (25) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടുവാഞ്ചേരിയിൽ നിന്ന് വടപളനിയിലേക്ക് പോകുകയായിരുന്ന എം.ടി.സി ബസിലാണ് സംഭവം. കൊല്ലപ്പെട്ട ചന്ദ്രശേഖരൻ താംബരം എം.ഇ.പി.സെഡിന് സമീപത്തുനിന്നാണ് ബസിൽ കയറിയത്. അമർനാഥിന് അടുത്തായിരുന്നു ഇയാൾ ഇരുന്നിരുന്നത്. ബസിലെ എൽ.ഇ.ഡി സ്ക്രീനിൽ കാണിക്കുന്ന റൂട്ട് വായിച്ചുതരാൻ അമർനാഥ് ആവശ്യപ്പെട്ടെങ്കിലും ചന്ദ്രശേഖരൻ വിസമ്മതിച്ചു. കണ്ടക്ടറോട് ചോദിക്കാൻ ഇദ്ദേഹം മറുപടി നൽകിയതോടെ അമർനാഥ് പ്രകോപിതനാവുകയായിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ അമർനാഥ് ചന്ദ്രശേഖരനെ ക്രൂരമായി മർദ്ദിച്ചു. ഇടിയേറ്റ് ബോധരഹിതനായ ഇദ്ദേഹത്തെ സഹയാത്രികർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ചന്ദ്രശേഖരന് നാല് ആൺമക്കളും ഒരു മകളുമുണ്ട്. ബസ് കണ്ടക്ടറുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Summary: A 25-year-old man named Amarnath was arrested in Chennai for allegedly killing a 74-year-old passenger, Chandrasekaran, inside a moving MTC bus. The incident occurred after the elderly man refused to read the bus route from the LED screen for the accused. The verbal spat turned violent when Amarnath punched the victim, causing him to lose consciousness and later die. Police suspect the accused was inebriated.

