തഞ്ചാവൂർ: തഞ്ചാവൂരിൽ സ്കൂൾ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജിത് കുമാറിനെ (26), കാവ്യയുടെ പിതാവ് പുണ്യമൂർത്തിയും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി (Thanjavur Murder Case). ജാമ്യത്തിലിറങ്ങി വീട്ടിൽ കഴിയുകയായിരുന്ന അജിത്തിനെ പുലർച്ചെ ഉറക്കത്തിനിടയിലാണ് സംഘം ആക്രമിച്ചത്.
ആലങ്കുടി ഗവൺമെന്റ് പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന കാവ്യ 2025 നവംബറിലാണ് കൊല്ലപ്പെട്ടത്. കാവ്യയുമായി പ്രണയത്തിലായിരുന്ന അജിത്, യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയത്. സ്കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.
ഈ കേസിൽ ജയിലിലായിരുന്ന അജിത്തിന് കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ചത്. മകളെ നഷ്ടപ്പെട്ടതിന്റെ പകയിലായിരുന്ന പുണ്യമൂർത്തിയും മൂന്ന് ബന്ധുക്കളും ചേർന്ന് അജിത്തിന്റെ വീട്ടിലെത്തി കൃത്യം നടത്തുകയായിരുന്നു. വെട്ടേറ്റ അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം പുണ്യമൂർത്തിയും കൂടെയുണ്ടായിരുന്ന മൂന്ന് പേരും അമ്മൻപേട്ട പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രദേശത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Story Summary: The father of a murdered schoolteacher in Thanjavur killed the accused, K. Ajith Kumar, shortly after he was released on bail. Ajith had killed the teacher, Kavya, last November after she rejected him for another marriage proposal. Kavya’s father, Punniyamoorthy, along with three relatives, hacked Ajith to death at his home. All four surrendered to the Ammanpettai police and have been remanded.

