ടെഹ്‌റാൻ: ഇറാന്റെ മേൽ ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും ആണവ വിഷയവും ചർച്ച ചെയ്യാമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നിർണ്ണായക നിലമാറ്റം.(Iran says it is ready for nuclear talks, will open Hormuz if guarantees to not attack)
തങ്ങൾക്കെതിരെ ഇനി സൈനിക നീക്കം ഉണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പ് നൽകണം. സുരക്ഷാ ഉറപ്പ് ലഭിച്ചാൽ സമുദ്രപാതയിലെ തടസ്സങ്ങൾ നീക്കുന്നത് ആലോചിക്കും. സുരക്ഷാ ഉറപ്പിനും ഹോർമൂസ് തുറക്കുന്നതിനും പിന്നാലെ മാത്രമേ ആണവ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് തയ്യാറാവുകയുള്ളൂ.
ഹോർമൂസ് വിഷയത്തിൽ ഒമാൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അയൽരാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമൂസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും നാവികരെയും സ്വതന്ത്രരാക്കേണ്ടത് ലോകത്തോടുള്ള ഉത്തരവാദിത്തമാണെന്ന് ഒമാൻ ഓർമ്മിപ്പിച്ചു. സുരക്ഷിതമായ നാവിക ഗതാഗതം ഉറപ്പാക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാക്ചി പ്രതികരിച്ചു.
ഒമാൻ സന്ദർശനത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലെത്തി. ആണവ വിഷയത്തിൽ നിർണ്ണായക സ്വാധീനമുള്ള റഷ്യയുമായുള്ള ചർച്ചകൾ ഇറാന്റെ ഭാവി നീക്കങ്ങളിൽ പ്രധാനമാണ്. നാവിക ഉപരോധം മൂലം ക്രൂഡോയിൽ കയറ്റുമതി തടസ്സപ്പെട്ടതും ആഭ്യന്തരമായി ഇന്ധന സംഭരണ ശേഷി പരിധിവിട്ടതുമാണ് ഇറാനെ ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.

