ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ വാക്കുതർക്കത്തിനിടെ ഹെഡ് കോൺസ്റ്റബിൾ നടത്തിയ വെടിവെയ്പ്പിൽ ഫുഡ് ഡെലിവറി ഏജന്റ് കൊല്ലപ്പെട്ടു (Delhi Cop Shoots Delivery Agent). മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദ്വാരകയിലെ ജാഫർപൂർ കലാൻ മേഖലയിലാണ് സംഭവം. ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ യൂണിറ്റിൽ ഹെഡ് കോൺസ്റ്റബിളായ നീരജ് ആണ് പ്രതി.
മേഖലയിലെ താമസക്കാരനായ രൂപേഷ് എന്നയാളുടെ മകന്റെ രണ്ടാം ജന്മദിനാഘോഷത്തിന് ശേഷമായിരുന്നു സംഭവങ്ങൾ. ആഘോഷം കഴിഞ്ഞ് അതിഥികൾ പിരിഞ്ഞുപോകുന്നതിനിടെ, വീടിന് സമീപം ബൈക്കിലിരുന്ന് സംസാരിക്കുകയായിരുന്ന ഒരു സംഘത്തോട് അടുത്തുള്ള വാടകവീട്ടിൽ താമസിക്കുന്ന നീരജ് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വളരെ നിസ്സാരമായ കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായതോടെ നീരജ് തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിർത്തു.
ബൈക്കിലിരിക്കുകയായിരുന്ന ഫുഡ് ഡെലിവറി ഏജന്റ് പാണ്ഡവ് കുമാറിന്റെ നെഞ്ചിലേക്കാണ് വെടിയേറ്റത്. പാണ്ഡവിന്റെ ശരീരത്തിലൂടെ തുളച്ചുകയറിയ വെടിയുണ്ട പിന്നിലിരുന്ന കൃഷ്ണ എന്നയാളുടെ വയറ്റിലും കൊണ്ടു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പാണ്ഡവ് കുമാർ മരണപ്പെട്ടു. കൃഷ്ണ ചികിത്സയിൽ തുടരുകയാണ്. ഹരിയാനയിലെ റോഹ്തക് സ്വദേശിയായ നീരജ് കഴിഞ്ഞ 15 വർഷമായി ഇവിടെ ഒറ്റയ്ക്കാണ് താമസം. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് നീരജിനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Summary: A Delhi Police Head Constable, Neeraj, shot and killed a food delivery agent named Pandav Kumar and injured another man, Krishna, following a minor argument in Dwarka’s Jafarpur Kalan. The incident occurred during a birthday party after-gathering when Neeraj, a Special Cell unit officer, opened fire on a group sitting on motorcycles. Pandav died at the hospital, while Krishna is undergoing treatment. Police have arrested Neeraj and are investigating the case.

