മോസ്കോ: അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഹോർമുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ സാന്നിധ്യവും സാമ്പത്തിക ഉപരോധങ്ങളുമാണ് ഇറാന്റെ പ്രധാന ആശങ്കകൾ.(West Asian crisis, Iranian Foreign Minister goes straight to Russia)
റഷ്യൻ പ്രതിനിധി മിഖായേൽ ഉലിയാനോവ് അമേരിക്കയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചു. പ്രശ്നപരിഹാരത്തിന് അമേരിക്ക ‘ബ്ലാക്ക്മെയിലിംഗ്’ തന്ത്രങ്ങളും അന്ത്യശാസനങ്ങളും ഉപേക്ഷിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. റഷ്യയുമായി ചേർന്ന് പ്രതിരോധം ശക്തമാക്കാനാണ് ഇറാന്റെ നീക്കമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
മധ്യസ്ഥനെന്ന നിലയിലുള്ള പാകിസ്ഥാന്റെ പങ്കിനെ ഇറാൻ പരസ്യമായി ചോദ്യം ചെയ്തു. മൂന്ന് ദിവസത്തിനിടെ രണ്ട് തവണ ഇസ്ലാമാബാദിലെത്തിയ അരാഗ്ചി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി ചർച്ച നടത്തിയിരുന്നു. പാകിസ്ഥാൻ നല്ല സുഹൃത്താണെങ്കിലും അവർക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് കൂടുതൽ താൽപ്പര്യമെന്ന് ഇറാനിയൻ എംപി ഇബ്രാഹിം റെസായി ആരോപിച്ചു. അമേരിക്കയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാകിസ്ഥാന് കഴിയില്ലെന്നും അതിനാൽ അവരുടെ മധ്യസ്ഥതയിൽ വിശ്വാസമില്ലെന്നുമാണ് ഇറാന്റെ നിലപാട്.

