കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും അവസാന ഘട്ടവുമായ വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. 142 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളായ മണ്ഡലങ്ങൾ ഈ ഘട്ടത്തിൽ വിധിയെഴുതുമ്പോൾ, വോട്ടർ പട്ടിക പുതുക്കിയതിലൂടെ ഉണ്ടായ അനുകൂല സാഹചര്യം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി.(Campaigning in Bengal ends today, 142 constituencies to go to polling booths on Wednesday for second phase of voting)
കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സേനയുടെയും പൊലീസിന്റെയും കർശനമായ പരിശോധനകൾക്കിടെ പലയിടങ്ങളിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. സൗത്ത് 24 പർഗാനസിൽ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 79 നാടൻ ബോംബുകൾ പൊലീസ് പിടിച്ചെടുത്തു.
സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്ന കേസുകൾ ഗൗരവമായി പരിഗണിച്ച് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയിൽ സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് ഉണ്ടായതെന്ന് ബിജെപി അവകാശപ്പെട്ടു. നഗര മേഖലകളിലും തൃണമൂലിന്റെ സ്വാധീന മേഖലകളിലും വൻ റോഡ് ഷോകളും റാലികളുമായി മുന്നണികൾ കളം നിറയുകയാണ്. മെയ് 4-നാണ് സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ബംഗാൾ ഇപ്പോൾ വോട്ടെടുപ്പിനായി ഒരുങ്ങുന്നത്.

