ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഓടയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ നീലം (36) പിടിയിലായി (Mother Kills Daughter). ബിഹാർ മധുബാനി സ്വദേശിനിയായ ഇവർ ഭർത്താവിനൊപ്പം ധീരജ് നഗറിലാണ് താമസം. വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം ഓടയിലെ ഇരുമ്പ് വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
തനിക്ക് ആറ് പെൺമക്കളുണ്ടെന്നും കടുത്ത ദാരിദ്ര്യം കാരണം അവരെ വളർത്താൻ സാമ്പത്തികമായി കഴിയില്ലെന്നുമുള്ള മാനസിക വിഷമത്തിലാണ് കുറ്റകൃത്യം ചെയ്തതെന്ന് നീലം പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കൊല്ലപ്പെട്ടത് ഇവരുടെ ഏറ്റവും ഇളയ മകളാണ്. കുഞ്ഞിനെയുമെടുത്ത് ഓടയുടെ ഭാഗത്തേക്ക് പോകുന്നതും പിന്നീട് തനിയെ മടങ്ങിവരുന്നതുമായ നീലത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്.
ഓടയിലെ വെള്ളത്തിൽ വീണ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഫരീദാബാദ് പോലീസ് അറിയിച്ചു.
Story Summary: A woman named Neelam was arrested in Faridabad for killing her 18-month-old daughter by throwing her into a drain. The accused, a mother of six girls, confessed to the crime, citing extreme poverty and the inability to raise her children as the motive. Crime Branch officials identified her through CCTV footage showing her carrying the child toward the drain and returning alone. The post-mortem confirmed the child died of drowning.

