കണ്ണൂർ: പൊയിലൂർ മേപ്പാടുള്ള തെങ്ങിൻ തോട്ടത്തിൽ സ്ഫോടകവസ്തുക്കൾ എന്ന് സംശയിക്കുന്ന രീതിയിൽ കണ്ടെത്തിയ വസ്തുക്കൾ വ്യാജമാണെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു (Kannur Fake Bomb). ബക്കറ്റിൽ മണൽ നിറച്ച് അതിനുള്ളിൽ ഐസ്‌ക്രീം കണ്ടെയ്നറുകൾ സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കണ്ടെയ്നറുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾക്ക് പകരം എം സാൻഡും (M-sand) കല്ലുകളും നിറച്ച് ബോംബിന്റെ ആകൃതിയിൽ നിർമ്മിച്ചതാണെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായി. ഭീതി പടർത്താനാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ ഇത് നിർമ്മിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
വോട്ടെണ്ണൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പാനൂർ മേഖലയിൽ പോലീസ് സുരക്ഷയും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാനൂർ ചിത്രവയലിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും കണ്ടെത്തിയിരുന്നു. കൂടാതെ മാസങ്ങൾക്ക് മുൻപ് സമീപപ്രദേശത്ത് വീട് നിർമ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ ബോംബുകൾ നിർമ്മിച്ച് തോട്ടത്തിൽ ഉപേക്ഷിച്ചവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
Story Summary: Police confirmed that the suspected explosives found in an ice cream container in Poyiloor, Kannur, were fake bombs. Technical examination by the bomb squad revealed that the containers were filled with M-sand and stones. While no actual explosives were found, the Kolavallur police have launched an investigation to find those responsible for creating these decoys, especially given the high security in the Panur region following recent actual bomb seizures.

