നാസിക്: നാസിക് ടിസിഎസ് ക്യാമ്പസിലെ വനിതാ ജീവനക്കാർ പരാതിപ്പെട്ട ലൈംഗിക പീഡന, നിർബന്ധിത മതപരിവർത്തന കേസിലെ അന്വേഷണം പ്രതിയുടെ മൊബൈൽ ലോക്കുകളിൽ തട്ടി നിൽക്കുന്നു (Nashik TCS Case). മുഖ്യപ്രതി തന്റെ ഫോണിലെ ഓരോ ആപ്ലിക്കേഷനും ഫോൾഡറുകൾക്കും വ്യത്യസ്തമായ പാസ്‌വേഡുകൾ നൽകി സുരക്ഷിതമാക്കിയതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.
ഫേസ് ഐഡി (Face ID) ഉപയോഗിച്ച് ലോക്ക് ചെയ്ത ഫോണിനുള്ളിലെ ഓരോ ഫോൾഡറിനും പ്രത്യേക പാസ്‌വേഡുകളുണ്ട്. ഇത് കാരണം നിർണ്ണായകമായ വാട്സാപ്പ് ചാറ്റുകളും ഇമെയിലുകളും പരിശോധിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ഫോൺ അൺലോക്ക് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം പ്രതിയെ നാസിക്കിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ എത്തിച്ചു. വിദഗ്ധരുടെ സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാണ് നിലവിലെ നീക്കം.
സംഭവത്തിൽ ഇതുവരെ ഏഴ് ഉന്നത ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒൻപതോളം എഫ്‌ഐആറുകൾ കേസിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്യാമ്പസിനുള്ളിൽ വനിതാ ജീവനക്കാർ പീഡനത്തിനും മാനസിക ക്രൂരതയ്ക്കും ഇരയാകുന്നു എന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ലൈംഗിക അതിക്രമത്തിന് പുറമെ, മതവികാരത്തെ വ്രണപ്പെടുത്തൽ, നിർബന്ധിത മതപരിവർത്തനത്തിനുള്ള സമ്മർദ്ദം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
Story Summary: Investigation into the sexual harassment and forced religious conversion case at Nashik’s TCS BPO unit is facing hurdles as the main accused has secured his mobile phone with multiple passwords and folder-level encryption. The Special Investigation Team (SIT) has taken the accused to the Regional Forensic Science Laboratory to unlock the device. So far, seven employees, including top officials, have been arrested, and nine FIRs have been registered.

