ബുലന്ദ്‌ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലുള്ള ഖുർജ നഗറിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ നിസ്സാര തർക്കം മൂന്ന് പേരുടെ കൊലപാതകത്തിൽ കലാശിച്ചു. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ജന്മദിനം ആഘോഷിച്ച ജീതു സൈനിയും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.(UP triple murder, 3 shot dead after cake-smearing dispute)
ശനിയാഴ്ച രാത്രി പ്രാദേശിക ജിമ്മിലും പിന്നീട് വീടിന് സമീപവും നടന്ന ജന്മദിനാഘോഷത്തിനിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ജന്മദിനം ആഘോഷിച്ച ജീതു സൈനിയുടെ മുഖത്ത് കൊല്ലപ്പെട്ടവർ കേക്ക് തേച്ചു. ഇതിൽ പ്രകോപിതനായ ജീതുവും സുഹൃത്തുക്കളും യുവാക്കളുമായി വാക്കേറ്റത്തിലേർപ്പെട്ടു. തർക്കത്തിന് പിന്നാലെ അവിടെ നിന്ന് മടങ്ങിയ പ്രതികൾ തോക്കുകളുമായി തിരിച്ചെത്തുകയും യുവാക്കൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് യുവാക്കളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതികൾ ഏഴോ എട്ടോ ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ ജീതു സൈനിയും സംഘവും ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ പിടികൂടുന്നതിനായി ആറ് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചു. ചില സംശയമുള്ളവരെ നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

