വാഷിംഗ്ടൺ: താൻ പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ ഉണ്ടായ വെടിവെപ്പിൽ ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Show must go on, Trump responds after the shooting incident )
സംഭവത്തിന് തൊട്ടുപിന്നാലെ ട്രംപ് കുറിച്ച വാക്കുകൾ ഇങ്ങനെ: “ഡിസിയിൽ ഇതൊരു സംഭവബഹുലമായ വൈകുന്നേരമായിരുന്നു. സീക്രട്ട് സർവീസും നിയമപാലകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. അവർ വേഗത്തിലും ധീരമായും നീങ്ങി. വെടിവെപ്പ് നടത്തിയ ആളെ പിടികൂടിയിട്ടുണ്ട്. ‘ഷോ തുടരട്ടെ’ എന്ന് ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. എങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്കായി കാക്കുന്നു. ഈ വൈകുന്നേരം പ്ലാൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരിക്കും. നമുക്കിത് ഒരിക്കൽ കൂടി ചെയ്യേണ്ടി വരും.”
സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് പരിസരം വിട്ടുപോകാൻ നിയമപാലകർ ആവശ്യപ്പെട്ടതായി ട്രംപ് പിന്നീട് അറിയിച്ചു. പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മറ്റ് കാബിനറ്റ് അംഗങ്ങൾ എന്നിവർ സുരക്ഷിതരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രതിയുടെ ആദ്യ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ ഉടൻ വാർത്താസമ്മേളനം നടത്തുമെന്നും മുടങ്ങിയ പരിപാടി 30 ദിവസത്തിനുള്ളിൽ വീണ്ടും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ വാർഷിക വിരുന്നിനിടെയാണ് ആക്രമണമുണ്ടായത്.

