കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നു (Kozhikode Snake Bite). താമരശ്ശേരിയിലും ഉള്ള്യേരിയിലും വീട്ടുമുറ്റത്ത് വെച്ചാണ് രണ്ട് പേർക്ക് പാമ്പ് കടിയേറ്റത്. കടിയേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി, ചെമ്പ്ര പുലിയാറക്കുന്ന് സ്വദേശിനി ശില്പ (20)യ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് കടിയേറ്റത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഉള്ള്യേരി, പുതിയോട്ടിൽ സുധീഷിനാണ് പാമ്പ് കടിയേറ്റത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ മുറ്റത്ത് വെച്ചായിരുന്നു സംഭവം. പാമ്പ് കടിച്ചത് ശ്രദ്ധയിൽപ്പെട്ട ഉടൻ സുധീഷ് ശക്തിയായി കുടഞ്ഞതിനെത്തുടർന്ന് പാമ്പ് ദൂരേക്ക് തെറിച്ചുപോയി. പാമ്പിനെ കണ്ടെത്താനായിട്ടില്ല. ഇയാളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നും വീട്ടുപരിസരങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Story Summary: Two separate snakebite incidents were reported in Kozhikode district on Saturday evening. In Thamarassery, 20-year-old Shilpa was bitten near a water tank in her courtyard, while in Ulliyeri, a youth named Sudheesh was bitten upon returning from work. Both have been admitted to the Kozhikode Medical College Hospital for treatment.

