ജലന്ധർ: എഎപി വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ തീരുമാനിച്ച ഹർഭജൻ സിംഗിന്റെ വസതിക്ക് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി എഎപി പ്രവർത്തകർ (Harbhajan Singh BJP). ശനിയാഴ്ച ഹർഭജന്റെ ജലന്ധറിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകർ കണ്ണിൽ കറുത്ത തുണി കെട്ടി പ്രതിഷേധിച്ചു. എംപിയുടെ വീടിന്റെ മതിലുകളിൽ ‘ഗദ്ദർ’ (ചതിയൻ) എന്ന് കറുത്ത പെയിന്റ് ഉപയോഗിച്ച് എഴുതിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
എഎപിയുടെ രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, ഹർഭജൻ സിംഗ്, സ്വാതി മലിവാൾ ഉൾപ്പെടെ ഏഴ് പേരാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. ആകെ 10 എംപിമാരുള്ള എഎപിയിൽ നിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷം എംപിമാരും ഒന്നിച്ച് മാറുന്നതിനാൽ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് ഇവർക്ക് രക്ഷപ്പെടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ ഇതിനകം ബിജെപി അംഗത്വം സ്വീകരിച്ചു. ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ള ബാക്കി നാല് എംപിമാർ ഉടൻ തന്നെ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും.
“അഴിമതിക്കാരുടെ കൈകളിലാണ് ഇപ്പോൾ ആം ആദ്മി പാർട്ടി” എന്ന് രാഘവ് ഛദ്ദ ആരോപിച്ചു. തന്റെ ശബ്ദം പാർട്ടിക്കുള്ളിൽ അടിച്ചമർത്തപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യസന്ധരായവർക്ക് കെജ്‌രിവാളിനൊപ്പം പ്രവർത്തിക്കാനാകില്ലെന്നായിരുന്നു സ്വാതി മലിവാളിന്റെ പ്രതികരണം.
അതേസമയം , തങ്ങളെ ചതിച്ചവർക്ക് ചരിത്രം മാപ്പുനൽകില്ലെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ വഴിയാണ് എംപിമാരെ റാഞ്ചിയതെന്നും പഞ്ചാബിലെ ജനങ്ങളെ ഇവർ വഞ്ചിച്ചുവെന്നും പാർട്ടി നേതൃത്വം ആരോപിച്ചു.
ഐപിഎൽ തിരക്കിലായതിനാൽ പ്രതിഷേധം നടക്കുമ്പോൾ ഹർഭജൻ സിംഗ് വീട്ടിലുണ്ടായിരുന്നില്ല. 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിക്കുണ്ടായ ഈ വൻ തിരിച്ചടി ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Story Summary: AAP workers staged a major protest outside cricketer-MP Harbhajan Singh’s house in Jalandhar after he, along with six other Rajya Sabha MPs including Raghav Chadha and Swati Maliwal, decided to defect to the BJP. Protesters sprayed the word “Gaddar” (Traitor) on his house walls. Raghav Chadha alleged that AAP is now in the hands of corrupt individuals, while AAP leadership termed the move a betrayal of the people of Punjab and a result of BJP’s ‘Operation Lotus’.

