തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായി വിപണനം ചെയ്യാൻ എത്തിച്ച രണ്ടരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് പിടിയിലായി (Thrissur Excise Raid). കുന്നംകുളം കൊട്ടോൽ സ്വദേശി പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായായിരുന്നു ലഹരി വിൽപന. തൃശൂർ പൂരം ലക്ഷ്യമിട്ട് എത്തിച്ച ലഹരിമരുന്നിന് ‘പൂത്തിരി’ എന്നായിരുന്നു കോഡ് പേര് നൽകിയിരുന്നത്. ലഹരിമരുന്ന് തൃശൂരിലെത്തിച്ച ശേഷം ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന് പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശം നൽകുന്നതോടെയാണ് ആവശ്യക്കാർ ഓർഡർ നൽകുന്നത്.
പരിശോധനകളിൽ നിന്ന് ഒഴിവാകാൻ പാൽ കൊണ്ടുപോകുന്ന വണ്ടിയിലാണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. പൂരപ്രേമികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വൻതോതിൽ ലഹരിമരുന്ന് നഗരത്തിൽ എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്.
പിടികൂടിയ ഹാഷിഷ് ഓയിലിന് രാജ്യാന്തര വിപണിയിൽ രണ്ടരക്കോടിയോളം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന് പിന്നിൽ വലിയ ലഹരി മാഫിയാ സംഘമുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: Excise officials in Thrissur seized hashish oil worth ₹2.5 crore and arrested a youth named Habeeb. The contraband was smuggled in a milk delivery van, targeting the Thrissur Pooram festival crowds. The suspect used the code name “Poothiri” on social media to coordinate sales. Further investigation is underway to track the supply network.

