ഇംഫാൽ: വംശീയ കലാപം വിട്ടൊഴിയാത്ത മണിപ്പൂരിൽ നാഗ – കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ഉഖ്രുൽ ജില്ലയിൽ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടു ( Manipur Naga Kuki Clash). നിരവധി പേർക്ക് പരിക്കേറ്റതായും അക്രമികൾ വ്യാപകമായി വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം സിനകൈതൈയിൽ പട്രോളിംഗിനിടെ നാഗ വില്ലേജ് ഗാർഡ് അംഗമായ ഹോർഷാക്മി ജമാങ് (29) കൊല്ലപ്പെട്ടതോടെയാണ് സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയത്. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശിയായ ഇദ്ദേഹത്തിന്റെ മരണം നാഗ വിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇതിനെത്തുടർന്ന് ഉഖ്രുൽ, കാംജോങ് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
2023 മേയ് 3-ന് ആരംഭിച്ച മെയ്തി – കുക്കി വംശീയ കലാപം രണ്ട് വർഷം പിന്നിടുമ്പോഴും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഇതിനിടയിൽ നാഗ – കുക്കി വിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട പുതിയ സംഘർഷം സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ വഷളാക്കിയിരിക്കുകയാണ്. മെയ്തി വിഭാഗത്തിന് പട്ടികവർഗ്ഗ പദവി നൽകുന്നതിനെച്ചൊല്ലി ആരംഭിച്ച കലാപത്തിൽ ഇതിനോടകം നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും 60,000-ത്തിലധികം പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ സംഘർഷ മേഖലകളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
Summary: Violence has escalated in Manipur as clashes between Naga and Kuki communities broke out in Ukhrul, leading to three deaths and widespread arson. The recent tension followed the killing of a Naga village guard member during a patrol. Despite two years since the initial Meitei-Kuki conflict began in May 2023, the state remains unstable with new communal rifts emerging.

