കൊച്ചി: വസ്തുതകൾ മറച്ചുവെച്ച് കോടതിയെ സമീപിച്ച ഹർജിക്കാർക്കെതിരെ കർശന നടപടിയുമായി കേരള ഹൈക്കോടതി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ 50,000 രൂപ പിഴ ചുമത്തിയത്.(High Court imposes Rs 50,000 fine on petitioners for concealing information before approaching court)
പരാതികളിൽ കാലപരിധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ റെറ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി. റെറ അജുഡിക്കേറ്റിങ് ഓഫീസറെയാണ് കേസിൽ എതിർകക്ഷിയാക്കിയിരുന്നത്. റെറയുടെ ഉത്തരവിനെതിരെ ഹർജിക്കാർ നേരത്തെ തന്നെ അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ ഈ വിവരം മറച്ചുവെച്ചാണ് അവർ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയത്.
നിയമപരമായ മറ്റു പരിഹാര മാർഗങ്ങൾ തേടിയ വിവരം ഒളിച്ചുവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് ഗൗരവകരമായ കുറ്റമാണെന്ന് കോടതി വിലയിരുത്തി. 50,000 രൂപ പിഴത്തുക 10 ദിവസത്തിനകം കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാൻ കോടതി നിർദ്ദേശിച്ചു.

