ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. ഇത്തരം പ്രചാരണങ്ങൾ “വികൃതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്” വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് ചൂണ്ടിക്കാട്ടി ഇന്ധനവിലയിൽ ലിറ്ററിന് 25-28 രൂപ വരെ വർധനവുണ്ടായേക്കാമെന്ന കൊട്ടക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിന്റെ വിശദീകരണം.(Govt Rejects Reports Of Petrol, Diesel Price Hike, Calls Speculation ‘Fake News’)
FAKE NEWS
There are some news reports suggesting a price hike of petrol and diesel. It is hereby clarified that there is no such proposal under consideration by the Government.
Such news items are designed to create fear and panic amongst the citizens and are mischievous and… pic.twitter.com/yTAfJdah2o— Ministry of Petroleum and Natural Gas #MoPNG (@PetroleumMin) April 23, 2026
ഫേക്ക് ന്യൂസ്. പെട്രോൾ, ഡീസൽ വില വർധനയെക്കുറിച്ച് സൂചിപ്പിക്കുന്ന ചില വാർത്താ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിർദ്ദേശവും നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നു, എന്ന് പെട്രോളിയം മന്ത്രാലയം ‘എക്സിൽ’ കുറിച്ചു. പൗരന്മാർക്കിടയിൽ അനാവശ്യ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാനാണ് ഇത്തരം റിപ്പോർട്ടുകൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ആഗോള ഊർജ്ജ വിപണിയിലെ അസ്ഥിരതകൾക്കിടയിലും കഴിഞ്ഞ നാല് വർഷമായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നും സർക്കാർ അവകാശപ്പെട്ടു. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ധനവിലയിൽ ലിറ്ററിന് 25 രൂപ മുതൽ 28 രൂപ വരെ വർധനവുണ്ടായേക്കാമെന്നാണ് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് മുന്നറിയിപ്പ് നൽകിയത്. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും മാറ്റമില്ലാതെ തുടരുന്ന ചില്ലറ വിൽപ്പന വിലയും തമ്മിലുള്ള വ്യത്യാസം കാരണം പൊതുമേഖലാ ശുദ്ധീകരണശാലകൾക്ക് പ്രതിമാസം ഏതാണ്ട് 27,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുന്നുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഏപ്രിൽ 29-ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതിന് മുമ്പ് വില പരിഷ്കരണം ഉണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

