Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeKerala'ചട്ടലംഘനം ഉണ്ടായിട്ടുണ്ട്, സമഗ്രമായ അന്വേഷണം നടത്തും': മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ...

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്, സമഗ്രമായ അന്വേഷണം നടത്തും’: മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ | Mundathikode tragedy

🎙️ Latest Podcast

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചട്ടലംഘനവും അശ്രദ്ധയും ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. അനുവദനീയമായതിലും അധികം വെടിമരുന്ന് ശേഖരിച്ചതാകാം അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(A thorough investigation will be conducted, Judicial Commission on Mundathikode tragedy)

വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഷെഡുകൾ തമ്മിൽ നിശ്ചിത അകലം പാലിച്ചിരുന്നില്ല. ഒരിടത്തുണ്ടായ തീപിടുത്തം മറ്റ് ഷെഡുകളിലേക്ക് അതിവേഗം പടരാൻ ഇത് കാരണമായി. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

തൃശൂർ പൂരം നടക്കുന്നത് കടുത്ത ചൂടുള്ള കാലാവസ്ഥയിലാണ്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നത് വെടിമരുന്നിന് പെട്ടെന്ന് തീപിടിക്കാൻ കാരണമാകാമെന്നും ഇതിൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന സ്ഥലത്തേക്ക് വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. നിർമ്മാണ ശാലയ്ക്ക് അനുമതി നൽകുന്നതിലും പരിശോധനകൾ നടത്തുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് ഗൗരവമായി അന്വേഷിക്കും.

വെടിക്കെട്ട് നിരോധിക്കണമെന്ന് ശുപാർശ ചെയ്യാൻ കമ്മിഷന് കഴിയില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ വ്യക്തമാക്കി. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണെന്നും ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാത്ത വിധം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാനുള്ള നിർദ്ദേശങ്ങളാകും കമ്മിഷൻ നൽകുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കും.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെ സംസ്ഥാനത്തെ ‘സവിശേഷ ദുരന്തമായി’ സർക്കാർ പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് അടിയന്തര ധനസഹായം നൽകാനും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, എം.ബി. രാജേഷ് എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനങ്ങൾ അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആകെ 14 ലക്ഷം രൂപ ധനസഹായമായി നൽകും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് അനുവദിക്കുക. അടിയന്തര സഹായമായി 2 ലക്ഷം രൂപയ്ക്ക് പുറമെ ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും ലഭിക്കും.

പരിക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. ഇതിനായി ജില്ലാ കളക്ടറുടെ ശുപാർശ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കും. ആറുമാസത്തിലധികം ചികിത്സ ആവശ്യമായി വന്നാൽ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം തുടർചികിത്സയും ഉറപ്പാക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചു. സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അപകടത്തിന്റെ കാരണങ്ങളും സുരക്ഷാ വീഴ്ചകളും കമ്മീഷൻ പരിശോധിക്കും.

അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ ഇപ്പോഴും പൂർണ്ണമായ വ്യക്തത വന്നിട്ടില്ല. അപകടം നടന്നയിടത്തേക്ക് പോയ ആരെയെങ്കിലും കുറിച്ച് വിവരം ലഭിക്കാനുണ്ടെങ്കിൽ ഒട്ടും മടിക്കാതെ ജില്ലാ ഭരണകൂടത്തെ അറിയിക്കണം, എന്ന് റവന്യൂ മന്ത്രി കെ. രാജൻ അഭ്യർത്ഥിച്ചു. പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കേന്ദ്രസഹായത്തിനായി കാത്തുനിൽക്കാതെയാണ് സംസ്ഥാനം സ്വന്തം നിലയിൽ ധനസഹായം പ്രഖ്യാപിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വയനാട് ദുരന്തമുണ്ടായപ്പോൾ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിട്ടും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് നൽകാവുന്ന പരമാവധി സഹായം സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.