തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെ സംസ്ഥാനത്തെ ‘സവിശേഷ ദുരന്തമായി’ സർക്കാർ പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് അടിയന്തര ധനസഹായം നൽകാനും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, എം.ബി. രാജേഷ് എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനങ്ങൾ അറിയിച്ചത്.(Special disaster, Judicial Commission to conduct inquiry into Mundathikode disaster)
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആകെ 14 ലക്ഷം രൂപ ധനസഹായമായി നൽകും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് അനുവദിക്കുക. അടിയന്തര സഹായമായി 2 ലക്ഷം രൂപയ്ക്ക് പുറമെ ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും ലഭിക്കും.
പരിക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. ഇതിനായി ജില്ലാ കളക്ടറുടെ ശുപാർശ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കും. ആറുമാസത്തിലധികം ചികിത്സ ആവശ്യമായി വന്നാൽ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം തുടർചികിത്സയും ഉറപ്പാക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചു. സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അപകടത്തിന്റെ കാരണങ്ങളും സുരക്ഷാ വീഴ്ചകളും കമ്മീഷൻ പരിശോധിക്കും.
അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ ഇപ്പോഴും പൂർണ്ണമായ വ്യക്തത വന്നിട്ടില്ല. അപകടം നടന്നയിടത്തേക്ക് പോയ ആരെയെങ്കിലും കുറിച്ച് വിവരം ലഭിക്കാനുണ്ടെങ്കിൽ ഒട്ടും മടിക്കാതെ ജില്ലാ ഭരണകൂടത്തെ അറിയിക്കണം, എന്ന് റവന്യൂ മന്ത്രി കെ. രാജൻ അഭ്യർത്ഥിച്ചു. പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കേന്ദ്രസഹായത്തിനായി കാത്തുനിൽക്കാതെയാണ് സംസ്ഥാനം സ്വന്തം നിലയിൽ ധനസഹായം പ്രഖ്യാപിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വയനാട് ദുരന്തമുണ്ടായപ്പോൾ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിട്ടും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് നൽകാവുന്ന പരമാവധി സഹായം സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

