കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായകമായ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ചതായി കോൺഗ്രസ്. ഏപ്രിൽ 23-ന് കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടികളാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.(Rahul Gandhi’s Bengal rally fails to get police nod, Congress hits out at Mamata)
രാഹുൽ ഗാന്ധി നഗരത്തിലെത്താനിരിക്കെ, പ്രാദേശിക ഭരണകൂടവും പോലീസും മനഃപൂർവ്വം അനുമതി വൈകിപ്പിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ കാത്തിരുന്നിട്ടും അനുമതി ലഭിക്കാത്തതിനാൽ നാളത്തെ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന് പാർട്ടി വ്യക്തമാക്കി. മാൾഡയിലും മുർഷിദാബാദിലും രാഹുൽ ഗാന്ധി നടത്തിയ വൻ റാലികളിൽ തൃണമൂലും ബിജെപിയും ഭയപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാർ കുറ്റപ്പെടുത്തി.
എന്നാൽ, ആരോപണങ്ങൾ തള്ളിക്കൊണ്ട് ബംഗാൾ മന്ത്രി ശശി പഞ്ച രംഗത്തെത്തി. പൊതുയോഗങ്ങൾക്കുള്ള അപേക്ഷകൾ സർക്കാർ വെബ്സൈറ്റായ ‘സുവിധ പോർട്ടൽ’ വഴി രണ്ടോ ഏഴോ ദിവസം മുമ്പ് സമർപ്പിക്കണമെന്ന നിയമം എല്ലാ പാർട്ടികൾക്കും ബാധകമാണെന്ന് അവർ വ്യക്തമാക്കി. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത്തരം പരാതികൾക്ക് മറുപടി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അവർ കൂട്ടിച്ചേർത്തു.

