തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. “എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ?” എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ ചോദിച്ചു. മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങളെക്കുറിച്ച് പുനർചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചുവെന്നും അവർ വ്യക്തമാക്കി.(Why do we have such festivals where we play with fire, asks R Sreelekha about Mundathikode blast )
സംസ്ഥാനത്തെ പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നതെന്ന് ശ്രീലേഖ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർ ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയാണെന്നും അത്യാവശ്യ കാര്യത്തിന് ഫോൺ ചെയ്താൽ പോലും എടുക്കാത്ത ജില്ലാ പോലീസ് മേധാവികളാണ് ഉള്ളതെന്നും അവർ പരിഹസിച്ചു.
വെടിക്കെട്ട് ശാലയുടെ പ്രവർത്തനം നിയമാനുസൃതമായിരുന്നോ എന്ന് അധികൃതർക്ക് അറിവുണ്ടായിരുന്നോ? ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ അവിടെ സ്വീകരിച്ചിരുന്നോ എന്നും അവർ ചോദിച്ചു. തൃശൂരിൽ ഇനിയും എത്ര വെടിക്കെട്ട് ശാലകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ എന്നും ശ്രീലേഖ പോസ്റ്റിൽ ചോദിക്കുന്നു.ആചാരങ്ങളുടെ പേരിൽ മൃഗങ്ങളെ പീഡിപ്പിക്കുന്നതിനെയും വെടിക്കെട്ട് നടത്തുന്നതിനെയും ശ്രീലേഖ എതിർത്തു.

