തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പത്തൊൻപതുകാരനെ വിളിച്ചുവരുത്തി മർദിച്ച് പണം കവർന്ന സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പോലീസിന്റെ പിടിയിലായി. കീഴ്‌തോന്നയ്ക്കൽ സ്വദേശിയായ യുവാവിനെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്.(A 19-year-old man was brought into honeytrap, woman and her friend were arrested)
ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി സൗഹൃദത്തിലായ യുവതി, ഏപ്രിൽ 18-ന് പാങ്ങപ്പാറയിലേക്ക് യുവാവിനെ വിളിച്ചുവരുത്തി. യുവാവ് എത്തിയതോടെ ഇവരുടെ സുഹൃത്തുക്കൾ ചേർന്ന് ഇയാളെ സ്കൂട്ടറിൽ ബലമായി കയറ്റി ആളൊഴിഞ്ഞ കുളത്തിനടുത്ത് എത്തിച്ചു. അവിടെ വെച്ച് ക്രൂരമായി മർദിക്കുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
യുവാവിന്റെ മൊബൈൽ ഫോൺ കൈക്കലാക്കിയ പ്രതികൾ, 10,000 രൂപയും മറ്റൊരു നമ്പരിലേക്ക് 2,500 രൂപയും നിർബന്ധിപ്പിച്ചു ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പിന്നാലെ യുവാവിനെ അവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പരിക്കേറ്റ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

