തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടതായി പരാതി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.(Strong room controversy in Guruvayur, CCTV stopped for an hour, UDF files complaint )
കഴിഞ്ഞ ദിവസം വൈകിട്ട് 4:30 മുതൽ 5:30 വരെ സിസിടിവി പ്രവർത്തനരഹിതമായെന്നാണ് ആരോപണം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച മുറിയുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും, ദൃശ്യങ്ങൾ ലഭ്യമാകാത്ത സമയത്ത് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നതിനിടെയാണ് ഗുരുവായൂരിലെ ഈ സംഭവം. കോഴിക്കോട് പേരാമ്പ്രയിൽ സ്ട്രോങ്ങ് റൂം തുറന്നെന്ന് പരാതി ഉയർന്നിരുന്നു. പാലക്കാട് നെന്മാറ മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. വിവാദങ്ങൾ വർദ്ധിച്ചതോടെ വോട്ടെണ്ണൽ കഴിയുന്നത് വരെ സ്ട്രോങ്ങ് റൂമുകളോ അതിനടുത്തുള്ള സീൽ ചെയ്യാത്ത മുറികളോ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദ്ദേശം നൽകി.

