ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൈനിക ലോജിസ്റ്റിക്സ് കൈമാറ്റ കരാർ ( RELOS) ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. 2025 ഫെബ്രുവരിയിൽ ഒപ്പുവെച്ച ഈ ചരിത്രപരമായ കരാർ ഈ വർഷം ജനുവരി 12 മുതലാണ് നടപ്പിലായത്. കരാർ പ്രകാരം ഇരു രാജ്യങ്ങൾക്കും നിശ്ചിത എണ്ണം സൈനികരെയും കപ്പലുകളെയും വിമാനങ്ങളെയും പരസ്പരം വിന്യസിക്കാൻ അനുവാദമുണ്ടാകും.(India-Russia military cooperation strengthens; RELOS agreement comes into force to deploy troops to each other)
റഷ്യൻ പാർലമെന്റ് അംഗീകരിച്ച വിവരങ്ങൾ പ്രകാരം അയ്യായിരം സൈനികരെയും അഞ്ച് യുദ്ധക്കപ്പലുകളെയും പത്ത് വിമാനങ്ങളെയും ഒരേസമയം പങ്കാളിത്ത രാജ്യത്തിന്റെ ഭൂപ്രദേശത്ത് വിന്യസിക്കാൻ സാധിക്കും. അഞ്ച് വർഷത്തേക്കാണ് കരാറിന്റെ കാലാവധി. ഇരു രാജ്യങ്ങളും സമ്മതിക്കുകയാണെങ്കിൽ ഇത് അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
ഇന്ത്യയുടെ പക്കലുള്ള റഷ്യൻ നിർമ്മിത സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ എളുപ്പമാക്കുക, ദീർഘദൂര സമുദ്ര ദൗത്യങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും ആവശ്യമായ വിപുലമായ ലോജിസ്റ്റിക് പിന്തുണ ഈ കരാറിലൂടെ ഉറപ്പാക്കുന്നു. തുറമുഖങ്ങളിലേക്കുള്ള പ്രവേശനം, അറ്റകുറ്റപ്പണികൾ, ജലം, ഭക്ഷണം, മറ്റ് സാങ്കേതിക വിഭവങ്ങൾ എന്നിവ ലഭ്യമാക്കും.
എയർ ട്രാഫിക് കൺട്രോൾ, ഏറോനോട്ടിക്കൽ ഡാറ്റ, ഫ്ലൈറ്റ് റിക്വസ്റ്റ് പ്രോസസ്സിംഗ്, നാവിഗേഷൻ സിസ്റ്റങ്ങളുടെ ഉപയോഗം, പാർക്കിംഗ്, സുരക്ഷ എന്നിവ ഉറപ്പാക്കും. ഇന്ധനം, ലൂബ്രിക്കന്റുകൾ എന്നിവ പണം നൽകി വാങ്ങാവുന്നതാണ്. ആർട്ടിക് മേഖലയിലെ റഷ്യൻ നാവിക-വ്യോമ താവളങ്ങൾ ഉപയോഗിക്കാൻ ഇന്ത്യയ്ക്കും, ഇന്ത്യൻ താവളങ്ങൾ ഉപയോഗിക്കാൻ റഷ്യയ്ക്കും ഇതിലൂടെ അവസരം ലഭിക്കും.
പശ്ചിമേഷ്യൻ സംഘർഷങ്ങളും ഉക്രെയ്ൻ യുദ്ധവും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ കരാറിന് വലിയ പ്രാധാന്യമുണ്ട്. സംയുക്ത സൈനികാഭ്യാസങ്ങൾ, പരിശീലനങ്ങൾ, മാനുഷിക ദൗത്യങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവയും ഈ കരാറിന്റെ പരിധിയിൽ വരും. ഇന്തോ-പസഫിക് മേഖലയിലും ആർട്ടിക് മേഖലയിലും ഇരു രാജ്യങ്ങളുടെയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സൈന്യങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ഈ നീക്കം സഹായിക്കും. റഷ്യയുടെ ഔദ്യോഗിക നിയമ വിവര പോർട്ടലിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്കും ആഗോളതലത്തിലുള്ള സൈനിക സാന്നിധ്യത്തിനും ഈ കരാർ കരുത്തേകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

