ബലോത്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയിൽ വൻ തീപിടുത്തം (Rajasthan Refinery Fire). തിങ്കളാഴ്ച ഉച്ചയോടെയാണ് ബലോത്ര ജില്ലയിലെ റിഫൈനറിയിൽ തീപിടുത്തമുണ്ടായത്. ആകാശത്തേക്ക് കറുത്ത പുക ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമായിരുന്നു.
പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് വെറും 24 മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) രാജസ്ഥാൻ സർക്കാരും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി കം പെട്രോ കെമിക്കൽ കോംപ്ലക്സാണിത്.
2013-ൽ അശോക് ഗെലോട്ട് സർക്കാരിന്റെ കാലത്ത് സോണിയ ഗാന്ധിയാണ് പദ്ധതിയുടെ തറക്കല്ലിട്ടത്. അന്ന് 37,230 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. പിന്നീട് 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 43,129 കോടി രൂപയുടെ പുതുക്കിയ ചെലവിൽ പദ്ധതി പുനരാരംഭിച്ചു.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ഈ റിഫൈനറി നിർണ്ണായക പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്നു. കൂടാതെ പ്ലാസ്റ്റിക്, ഓട്ടോമൊബൈൽ, സിന്തറ്റിക് ഫൈബർ തുടങ്ങി നിരവധി അനുബന്ധ വ്യവസായങ്ങൾക്ക് ആവശ്യമായ പദാർത്ഥങ്ങൾ ഇവിടെ നിന്ന് ലഭ്യമാകും. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നു.
Summary: A massive fire broke out at the Pachpadra refinery in Rajasthan’s Balotra district on Monday, just 24 hours before its scheduled inauguration by Prime Minister Narendra Modi. No casualties have been reported so far. The refinery is a joint venture between HPCL and the Rajasthan government, representing India’s first greenfield integrated refinery-cum-petrochemical complex. Originally laid in 2013 with a budget of ₹37,230 crore, the project was relaunched in 2018 with a revised cost of ₹43,129 crore.

