മലപ്പുറം: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ ജാഗ്രതക്കുറവും പരിചയക്കുറവുമാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പൊള്ളാച്ചി ആർടിഒ സർക്കാരിന് റിപ്പോർട്ട് കൈമാറി. വാഹനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Driver’s inexperience contributed to the accident, Motor Vehicle Department report on Valparai tragedy released)
ചുരത്തിലെ ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്യാതെ വാഹനം ഇറങ്ങിയത് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടാകാം. വളവുകളിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നതിൽ ഡ്രൈവർക്ക് വീഴ്ച പറ്റി. തമിഴ്നാട്ടിലെ ചുരം റോഡുകളിൽ വാഹനം ഓടിച്ചുള്ള പരിചയക്കുറവും അപകടത്തിന് ആക്കം കൂട്ടി.
ചുരം റോഡിന്റെ വശങ്ങളിൽ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഡ്രൈവറുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ. അപകടത്തിൽ പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്.

