ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. മരിച്ചവരിൽ 20 പേരെ തിരിച്ചറിഞ്ഞു. ബാക്കി നാലുപേരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.(Virudhunagar blast, Death toll rises to 24; Investigation intensifies)
കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദേശം നൽകി. മധുര, തിരുനെൽവേലി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധരടക്കം 14 അംഗ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകുന്നത്. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകും.
വിരുദുനഗറിന് സമീപം പ്രവർത്തിക്കുന്ന ‘വനജ ഫയർ വർക്ക്സ്’ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു വീണു. കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌ഫോടനം നടക്കുമ്പോൾ അമ്പതോളം തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു. പലരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

