വാഷിങ്ടൺ: അമേരിക്കയിലെ ലൂസിയാനയിൽ സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ പിതാവ് വെടിവെച്ചുകൊന്നു. ലൂസിയാനയിലെ തെക്കൻ ഷ്രെവ്പോർട്ടിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ ഒന്ന് മുതൽ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഷാമർ എൽകിൻസിനെ പോലീസ് വെടിവെച്ചുകൊന്നു.(Shocking massacre in America, Police kill man who shot and killed 8 children, including his own)
ഷ്രെവ്പോർട്ട് പോലീസ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിവരമനുസരിച്ച്, രാവിലെ ആറ് മണിയോടെ ഒരു വീട്ടിലാണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ട എട്ട് കുട്ടികളിൽ ഏഴ് പേരും ഷാമർ എൽകിൻസിന്റെ മക്കളാണെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇയാൾ തന്റെ പങ്കാളിയായ യുവതിയേയും സമീപത്തെ വീട്ടിലെ മറ്റൊരു സ്ത്രീയേയും വെടിവെച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്നും ഒരു കാർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച എൽകിൻസിനെ പോലീസ് പിന്തുടർന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾക്ക് വെടിയേറ്റതായി ഷ്രെവ്പോർട്ട് പോലീസ് വക്താവ് ക്രിസ്റ്റഫർ ബോർഡലോൺ സ്ഥിരീകരിച്ചു.

