ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 17 തൊഴിലാളികൾ കൊല്ലപ്പെട്ടു (Virudhunagar Fireworks Explosion). വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമ്മാണ ശാലയിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ അപകടമുണ്ടായത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്.
അപകടസമയത്ത് മുപ്പതിലധികം ജീവനക്കാർ ജോലിയിലുണ്ടായിരുന്നു. 17 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ അകലെ വരെ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പത്തിലധികം മുറികളുള്ള നിർമ്മാണശാലയുടെ നാല് മുറികൾ പൂർണ്ണമായും തകർന്നു. ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
സാധാരണ ഞായറാഴ്ചകളിൽ ഈ സ്ഥാപനം പ്രവർത്തിക്കാറില്ല. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 23-ന് അവധി നൽകേണ്ടതിനാൽ പകരമായി ഇന്ന് പ്രവർത്തിക്കുകയായിരുന്നു എന്നാണ് സൂചന.
എസ്പി ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: At least 17 people were killed in a massive explosion at Vanaja Fireworks in Kattanarpatti, near Virudhunagar, Tamil Nadu. The blast, which occurred on a Sunday while over 30 employees were working to compensate for an upcoming election holiday, was so powerful that tremors were felt up to 10 km away. Four rooms of the factory were completely destroyed. Firefighting units from Sivakasi, Sattur, and Virudhunagar brought the blaze under control, and rescue operations are ongoing to locate survivors trapped under the rubble.

