കൊച്ചി: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ റവന്യൂ മന്ത്രി കെ. രാജൻ നേരിട്ടെത്തി പരിശോധന നടത്തിയതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി നടത്തിയത് വെറും ‘പരിശോധനാ നാടകം’ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Engineers should check the leak, not the minister, VD Satheesan mocks Minister K Rajan
വീടുകളിലെ ചോർച്ചയും പരിശോധിക്കേണ്ടത് എൻജിനീയർമാരാണ്, അല്ലാതെ മന്ത്രിയല്ല. മന്ത്രി അവിടെ പോയി നോക്കുന്നത് വെറും പ്രഹസനമാണ് എന്ന് സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് തിരക്കിട്ട് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽക്കണ്ടാണ് പണി പൂർത്തിയാകാത്ത വീടുകൾ കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കല്ലിട്ടാൽ പിറ്റേന്ന് വീട് വെച്ചില്ലെന്ന് ആക്ഷേപിച്ചവർ ഇപ്പോൾ സർക്കാർ നിർമ്മിച്ച വീടുകളുടെ അവസ്ഥ കാണണമെന്നും സതീശൻ കൂട്ടിച്ചേർത്തു. വയനാട് പുനരധിവാസത്തിൽ സർക്കാർ കാണിക്കുന്നത് വലിയ കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വിവാദമായതോടെ നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി വിശദീകരണവുമായി രംഗത്തെത്തി. ചോർച്ച കണ്ടെത്തിയ സ്ഥലങ്ങളിൽ അടിയന്തരമായി കൂടുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അവർ അറിയിച്ചു.

