തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നു. ഉചിതമായ സമയത്ത് ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ പക്ഷം. നിലവിലെ ചർച്ചകൾ സ്വാഭാവിക പ്രതികരണങ്ങൾ മാത്രമാണെന്നാണ് ഇവരുടെ വിശദീകരണം.(Chief Minister decision dispute in Congress, VD Satheesan faction keeps a strategic silence)
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ വരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ. സുധാകരൻ. ഡൽഹിയിൽ വെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട സുധാകരൻ, തന്റെ നിലപാട് അദ്ദേഹത്തെ നേരിട്ട് അറിയിച്ചു. കേരളത്തിന് കെ.സി.യെപ്പോലെ ചടുലതയുള്ള ഒരു നേതാവിനെയാണ് ആവശ്യമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഇത്തരമൊരു ചർച്ച നടത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സുധാകരൻ. സമൂഹമാധ്യമങ്ങളിലൂടെയും അദ്ദേഹം ഈ താൽപര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

