തൃശൂർ: മാടക്കത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസികളായ അച്ഛനും മക്കളും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ജിന്റോ, സഹോദരൻ ജെയ്‌സൺ, ഇവരുടെ അച്ഛൻ ഔസേപ്പ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.(Man murdered in Thrissur, Father and two sons arrested)
തർക്കത്തിനിടെ ജിന്റോ നിഖിലിന്റെ വലതു തോളിൽ ആഴത്തിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിഖിൽ മരണത്തിന് കീഴടങ്ങി. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. മുഖത്തും കൈയിലും പരുക്കേറ്റ ഷാമോൻ നിലവിൽ അപകടനില തരണം ചെയ്തു.
പ്രതിയായ ജിന്റോയും ഷാമോനും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇതിനെത്തുടർന്നുള്ള മുൻവൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

