കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് ആരോപിച്ച് കുടുംബം. തട്ടിപ്പ് സംഘം വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായും ഇതേത്തുടർന്ന് യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി വീട്ടുകാർ സൈബർ പൊലീസിൽ പരാതി നൽകി.(Youth missing in Vadakara, Loan app threat behind it?)
ഏപ്രിൽ 13-നാണ് വിഷ്ണുവിനെ കാണാതായത്. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെ പിന്നീട് കണ്ടെത്താനായില്ല. വഴിയിൽ വെച്ച് സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെ ഒരു ഫോൺ കോൾ വരികയും വിഷ്ണു പെട്ടെന്ന് പരിഭ്രാന്തനാവുകയും ചെയ്തതായി മൊഴി നൽകിയിട്ടുണ്ട്.
വിഷ്ണുവിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാസർകോട് ഭാഗത്താണ് കാണിക്കുന്നത്. വെറും 10,000 രൂപയാണ് വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ മാഫിയാ സംഘം ക്രൂരമായ ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചതായി കുടുംബം പറയുന്നു.

