Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeEditors Pickവനിതാ സംവരണ ഭേദഗതി ബിൽ: രാജ്യവ്യാപക പ്രതിഷേധത്തിന് BJP; പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ...

വനിതാ സംവരണ ഭേദഗതി ബിൽ: രാജ്യവ്യാപക പ്രതിഷേധത്തിന് BJP; പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം | BJP

🎙️ Latest Podcast

ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിനെത്തുടർന്ന് രാഷ്ട്രീയ പോര് മുറുകുന്നു. ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. ഇന്നും വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തും.(Women’s Reservation Amendment Bill, BJP calls for nationwide protests)

അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കുറ്റപ്പെടുത്തി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്ന കാര്യം ആലോചിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.

വനിതാ ബില്ല് പാസാകാത്ത പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ബില്ല് പാസാകാത്തതിൽ രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി മാപ്പ് ചോദിച്ചു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥതയാണ് ബില്ല് പരാജയപ്പെടാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ബില്ല് പരാജയപ്പെട്ടപ്പോൾ കൈയടിച്ച് ആഘോഷിച്ചവർ സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് മുറിവേറ്റത്. 21-ാം നൂറ്റാണ്ടിലെ സ്ത്രീകൾ ഇതെല്ലാം കാണുന്നുണ്ടെന്നും ഈ ‘പാപത്തിന്’ അവർ ശിക്ഷ നൽകുമെന്നും മോദി പറഞ്ഞു.

2029-ഓടെ വനിതാ സംവരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ സത്യസന്ധമായ നീക്കമാണ് സർക്കാർ നടത്തിയത്. ഇത് ആരിൽ നിന്നും ഒന്നും കവർന്നെടുക്കാനല്ല, മറിച്ച് പകുതിയോളം വരുന്ന ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെ ‘ഭ്രൂണഹത്യ’യോടാണ് പ്രധാനമന്ത്രി ഉപമിച്ചത്. കോൺഗ്രസ്, ടിഎംസി, ഡിഎംകെ കക്ഷികൾ ഇതിൽ കുറ്റവാളികളാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പലവട്ടം ബില്ല് തടയാൻ ഗൂഢാലോചന നടത്തി. പഴയ തെറ്റുകൾ ആവർത്തിക്കില്ലെന്നാണ് കരുതിയതെങ്കിലും സ്ത്രീകളുടെ കൂടെ നിൽക്കാനുള്ള അവസരം അവർ കളഞ്ഞുകുളിച്ചു. പ്രാദേശിക പാർട്ടികളെ ആശ്രയിച്ചു കഴിയുന്ന ഒരു ‘പരാദജീവി’യായി കോൺഗ്രസ് മാറിയിരിക്കുകയാണ്, നരേന്ദ്ര മോദി പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.