എരുമേലി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക് (Erumely Car Accident). ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ (10), അവിനാശ് (20), അനിൽകുമാർ (47) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ എരുമേലി-പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ രതീഷ്, അവിനാശ് എന്നിവരുടെ കാലുകൾക്ക് ഒടിവുണ്ട്. ജയലക്ഷ്മിയുടെ തലയ്ക്കാണ് പരിക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ ഇവരെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും എക്സ്റേ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സാ സൗകര്യങ്ങൾ അവിടെ ലഭ്യമായിരുന്നില്ല. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തീർഥാടന പാതയിലെ ഏറ്റവും അപകടം പിടിച്ച മേഖലകളിലൊന്നാണ് കരിങ്കല്ലുംമൂഴി എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത ഈ ഇറക്കത്തിൽ അപകടങ്ങൾ പതിവാകുന്നത് ശബരിമല തീർഥാടകർക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
Story Summary: Five Sabarimala pilgrims from Chalakudy were injured after their car overturned at Karinkallummoozhi on the Erumely-Pamba road. Due to a lack of expert medical facilities at the Erumely Community Health Centre, the victims were shifted to Kottayam Medical College.

