കരിപ്പൂർ: വിദേശത്തുനിന്നും ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ എം.ഡി.എം.എയുമായി പെരിന്തൽമണ്ണ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി (Karipur Airport MDMA,). പെരിന്തൽമണ്ണ സ്വദേശി ഹാരിസിനെയാണ് (40) ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്) സംഘം പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1.58 കോടി രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.
ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്നെത്തിയ ഹാരിസിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയുടെ പ്രത്യേക സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. കരിപ്പൂർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനുമായി പ്രതി നിരന്തരം സന്ദേശങ്ങൾ കൈമാറിയതായി തെളിഞ്ഞു.
ഇതേത്തുടർന്ന് വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ് വളഞ്ഞ ഡി.ആർ.ഐ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് പുറത്തേക്ക് എറിഞ്ഞെങ്കിലും ഉദ്യോഗസ്ഥർ അത് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇയാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചു.
കരിപ്പൂർ കേന്ദ്രീകരിച്ച് മുമ്പ് നടന്ന മയക്കുമരുന്ന് വേട്ടകളിലും പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് ഡി.ആർ.ഐ സംശയിക്കുന്നുണ്ട്. ഒരു എറണാകുളം സ്വദേശിനി മയക്കുമരുന്ന് കടത്തിയ കേസിലും കരിപ്പൂരിലെ വീട്ടിൽ എം.ഡി.എം.എ സൂക്ഷിച്ച സംഭവത്തിലും സമാനമായ സംശയങ്ങൾ ഉയർന്നിരുന്നു. പുതിയ സംഭവത്തോടെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് ഡി.ആർ.ഐ കർശനമായി പരിശോധിച്ചുവരികയാണ്.
Story Summary: DRI seized 2 kg of MDMA worth ₹1.58 crore disguised as chocolates from a passenger at Karipur Airport. A local police officer was taken into custody for questioning after evidence of communication with the accused was found on his mobile phone.

