ന്യൂഡൽഹി: കടലിലുള്ള റഷ്യൻ എണ്ണക്കപ്പലുകളിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ആഗോള ഉപഭോക്താക്കൾക്ക് അനുവദിച്ച താൽക്കാലിക ഇളവ് നീട്ടാൻ അമേരിക്ക തീരുമാനിച്ചു. നേരത്തെ ഇളവുകൾ തുടരില്ലെന്ന് സൂചന നൽകിയിരുന്നെങ്കിലും, ആഗോള വിപണിയിലെ എണ്ണവില വർധനവ് കണക്കിലെടുത്താണ് യുഎസ് ഭരണകൂടത്തിന്റെ നിർണായക നീക്കം.(US extends waiver for Russian oil cargoes already at sea for countries including India )
വെള്ളിയാഴ്ച രാത്രിയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പുതിയ ലൈസൻസ് പുറത്തിറക്കിയത്. ഇതനുസരിച്ച്, വെള്ളിയാഴ്ച വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണയും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ രാജ്യങ്ങൾക്ക് അനുവാദമുണ്ടാകും. മേയ് 16 പുലർച്ചെ 12:01 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുള്ളത്. ഏപ്രിൽ 11-ന് അവസാനിച്ച 30 ദിവസത്തെ ഇളവിനു പകരമാണ് പുതിയ നടപടി.
റഷ്യൻ എണ്ണയ്ക്കുള്ള ജനറൽ ലൈസൻസ് പുതുക്കില്ലെന്ന് രണ്ട് ദിവസം മുമ്പ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവിച്ചിരുന്നു. എന്നാൽ, ഊർജ്ജ വിപണിയിലെ അസ്ഥിരതയും ഇറാൻ-ഇസ്രായേൽ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധിയും കണക്കിലെടുത്ത് ഈ നിലപാടിൽ നിന്ന് ഭരണകൂടം പിന്മാറുകയായിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ യുദ്ധം ആഗോള ഊർജ്ജ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണക്കപ്പലുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ ലോകമെമ്പാടും എണ്ണവില കുതിച്ചുയർന്നു.
ലോകത്തിലെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോയിരുന്നത് ഈ റൂട്ടിലൂടെയായിരുന്നു. വിതരണം തടസ്സപ്പെട്ടതോടെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. റഷ്യയ്ക്ക് ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ അമേരിക്കൻ നിയമനിർമ്മാതാക്കൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്ന നീക്കമാണിതെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ കുറ്റപ്പെടുത്തി. ഈ ഇളവ് ഏകദേശം 10 കോടി ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ വിപണിയിലെത്താൻ സഹായിക്കുമെന്ന് റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രീവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ലോകത്തിലെ ഒരു ദിവസത്തെ മൊത്തം ഉൽപ്പാദനത്തിന് തുല്യമാണ്.

