ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ചരിത്രപരമായ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാല് മണിയോടെ വോട്ടെടുപ്പ് നടപടികളിലേക്ക് കടക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.(Women’s Reservation Bill, Lok Sabha to vote at 4 pm today)
ബില്ലിന്മേലുള്ള ചർച്ചകൾക്കായി സർക്കാർ 12 മണിക്കൂർ അനുവദിച്ചിരുന്നെങ്കിലും, ഗൗരവകരമായ ചർച്ചകൾ കണക്കിലെടുത്ത് സമയം 15 മുതൽ 18 മണിക്കൂർ വരെ നീട്ടാൻ സ്പീക്കർ ഓം ബിർല തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണി വരെ സഭയിൽ ബില്ലിന്മേൽ തീപാറുന്ന സംവാദങ്ങൾ നടന്നു.
ഭരണഘടനാ ഭേദഗതി ബിൽ പാസ്സാകണമെങ്കിൽ സഭയിൽ രണ്ടിൽ മൂന്ന് ഭൂരിപക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ ബിൽ പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കേന്ദ്ര സർക്കാരിന് ആവശ്യമാണ്. എൻഡിഎയുടെ നിലവിലെ അംഗബലം: 293, ആവശ്യമായ അധിക പിന്തുണ: 67 അംഗങ്ങൾ എന്നിങ്ങനെയാണ്.
പ്രതിപക്ഷ പാർട്ടികളുടെ നിലപാട് ബില്ലിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും. വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തുന്നത്. 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് ഉടൻ ലഭ്യമാക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു. സംവരണം നടപ്പിലാക്കുന്നതിലെ സാങ്കേതിക നൂലാമാലകൾ നീക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ചരിത്രപരമായ നീക്കത്തെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. എന്നാൽ, ബിൽ സഭയിൽ പാസ്സാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്.

