ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. വനിതാ സംവരണത്തിനുള്ളിൽ മുസ്ലിം സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രത്യേക ക്വാട്ട വേണമെന്ന ആവശ്യമാണ് തർക്കത്തിന് കാരണമായത്.(Religious reservation is unconstitutional, Amit Shah and Akhilesh Yadav spar in Lok Sabha)
മതാടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മുസ്ലിം സ്ത്രീകൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതിൽ നിന്ന് ഒരു പാർട്ടിയെയും ആരും തടയുന്നില്ല. എന്നാൽ ഭരണഘടനാപരമായി മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
സെൻസസ് നടപടികൾ ആരംഭിച്ചതായും അതിൽ ജാതി വിവരങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം സഭയിൽ ഉറപ്പുനൽകി. 2027-ഓടെ സെൻസസ് നടപടികൾ പൂർത്തിയാകുമെന്നാണ് സർക്കാർ നൽകുന്ന സൂചന. രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗമായ മുസ്ലിം സ്ത്രീകൾക്ക് എന്തുകൊണ്ട് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്ന് അഖിലേഷ് യാദവ് ചോദിച്ചു. കൃത്യമായ ജാതി സെൻസസ് നടത്താതെ മണ്ഡല പുനർനിർണ്ണയത്തിലേക്ക് കടക്കുന്നത് ജാതി സെൻസസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. സെൻസസ് പൂർത്തിയാക്കാതെ പുതിയ ബില്ലുകൾ നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന തിടുക്കം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

