തിരുവനന്തപുരം: വേനൽ കടുത്തതോടെ കേരളം വരുംദിവസങ്ങളിൽ വെന്തുരുകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം.(Kerala is burning, High temperature warning in 12 districts)
ഏപ്രിൽ 19 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് വിവിധ ജില്ലകളിലെ താപനില വർദ്ധിക്കാൻ സാധ്യതയുണ്ട്. പാലക്കാട്: 40°C, കൊല്ലം: 39°C, കോട്ടയം: 38°C എന്നിങ്ങനെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്: 37°C എന്നിങ്ങനെയുമാണ് നില.
സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഈ ജില്ലകളിൽ കൂടാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയും ഉയരുന്നത് കാരണം മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥതയേറിയ കാലാവസ്ഥ അനുഭവപ്പെടും. കടുത്ത വെയിലും അൾട്രാവയലറ്റ് (UV) രശ്മികളും ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക. പകൽ 10 മണി മുതൽ 3 മണി വരെ വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്താണ് സൂര്യരശ്മികളുടെ തീവ്രത ഏറ്റവും കൂടുതൽ.
പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നത് ശീലമാക്കുക. യാത്ര ചെയ്യുന്നവർ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് തുടരുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണം. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

