കൊച്ചി: ദേശീയപാതകളിലൂടെ അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്ന് ഇന്ന് മുതൽ ഉയർന്ന ടോൾ നിരക്ക് ഈടാക്കിത്തുടങ്ങും. അമിതഭാരം കയറ്റുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ ഇന്നു മുതലാണ് നിലവിൽ വരുന്നത്.(Overweight vehicles on national highways will be penalized, Toll rates up to four times higher)
വാഹനങ്ങളുടെ ഭാരത്തിനനുസരിച്ച് ടോൾ നിരക്കിൽ വലിയ വ്യത്യാസമുണ്ടാകും. അനുവദനീയമായ ഭാരത്തേക്കാൾ പത്ത് ശതമാനം വരെ അധികമുണ്ടെങ്കിൽ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ സാധാരണ ടോൾ നൽകിയാൽ മതിയാകും. പത്ത് ശതമാനം മുതൽ നാൽപ്പത് ശതമാനം വരെ അധിക ഭാരം കയറ്റിയ വാഹനങ്ങൾ നിലവിലെ ടോൾ നിരക്കിന്റെ രണ്ടിരട്ടി അടയ്ക്കണം. അനുവദനീയമായ പരിധിയേക്കാൾ നാൽപ്പത് ശതമാനത്തിലധികം ഭാരം കയറ്റിയാൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ പിഴയായി ഈടാക്കും.
ടോൾ തുക ഫാസ്‌ടാഗ, യുപിഐ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി മാത്രമേ സ്വീകരിക്കാവൂ. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിലവിലുള്ള പിഴയും ഇതിനു പുറമെ ബാധകമായിരിക്കും. അമിതഭാരം കയറ്റുന്ന വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസകളിൽ കൃത്യമായി രേഖപ്പെടുത്തുകയും അത് കേന്ദ്ര സർക്കാരിന്റെ പോർട്ടലിലേക്ക് കൈമാറുകയും വേണം.

