അമരാവതി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ 19-കാരൻ അറസ്റ്റിലായി. അമരാവതിയിലെ പർത്ത്വാഡ സ്വദേശിയായ അയാൻ അഹമ്മദ് തൻവീർ അഹമ്മദ് (മുഹമ്മദ് അയാസ്) ആണ് പിടിയിലായത്. ബിജെപി എംപി അനിൽ ബോണ്ടെയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏപ്രിൽ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.(9-Year-Old Man Arrested In Amravati For Sexually Exploiting 180 Minors, Filming 350 Obscene Videos)
വാട്സ്ആപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകൾ വഴിയാണ് പ്രതി പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളുടെ വിശ്വാസം പിടിച്ചുപറ്റി സൗഹൃദത്തിലാവുകയും പിന്നീട് അവരെ മുംബൈ, പൂനെ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു പതിവ്. പെൺകുട്ടികളറിയാതെ അവരുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ ശേഷം, ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഏകദേശം 350-ഓളം അശ്ലീല വീഡിയോകൾ പ്രതിയുടെ പക്കൽ ഉണ്ടെന്ന് സംശയിക്കുന്നു. 180-ഓളം പെൺകുട്ടികൾ ഇയാളുടെ ചതിയിൽപ്പെട്ടതായാണ് സൂചന. നിലവിൽ ഏഴ് പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. തെളിവ് നശിപ്പിക്കുന്നതിനായി മായ്ച്ചുകളഞ്ഞ ഡാറ്റ വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം തേടിയിട്ടുണ്ട്. വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണ പരിധിയിലുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ പർത്ത്വാഡ, അചൽപുർ എന്നിവിടങ്ങളിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

