വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ പുതിയ വാഗ്ദാനങ്ങളുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറായാൽ ഇറാൻ ജനതയെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Iran will gain a lot if it abandons its nuclear program, JD Vance with an offer)
നിലനിൽക്കുന്ന അവിശ്വാസം ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും സമാധാന ശ്രമങ്ങൾ ശരിയായ ദിശയിലാണെന്ന് വാൻസ് കൂട്ടിച്ചേർത്തു. ഈ ആഴ്ച തന്നെ ഇറാനുമായി വീണ്ടും സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധി സംഘങ്ങൾ ചർച്ചകൾക്കായി വീണ്ടും പാകിസ്ഥാനിലെത്തും.
ഇറാനിയൻ കപ്പലുകൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുന്നതിനിടെയാണ് ഈ നയതന്ത്ര നീക്കങ്ങൾ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് വാഷിംഗ്ടൺ വേദിയായി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളുടെയും അംബാസഡർമാർ കൂടിക്കാഴ്ച നടത്തി. തുടർ ചർച്ചകൾ നടത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.
നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുമ്പോഴും ദക്ഷിണ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഹിസ്ബുള്ളയുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന കർശന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹോർമുസ് കടലിടുക്കിലെ ഉപരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൊണാൾഡ് ട്രംപ് സംസാരിച്ചു. ഹോർമുസിലെ ഉപരോധം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ സഹായിക്കാനാണെന്ന് ട്രംപ് വ്യക്തമാക്കി.

