ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ തിയറ്ററുകളിൽ എത്തുന്നതിന് മുൻപേ ഇന്റർനെറ്റിൽ ചോർന്നത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 500 കോടിയോളം രൂപ ചിലവിട്ട് നിർമ്മിച്ച ചിത്രം പൈറസി സൈറ്റുകളിൽ എത്തിയതോടെ നിർമ്മാതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ നഷ്ടം നികത്തുന്നതിനായി വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഒരു സിനിമയിൽ കൂടി അഭിനയിക്കാൻ സമ്മതിച്ചതായി സൂചനയുണ്ട്.(Vijay acting in another film? Actor with trolls)
‘ജനനായകൻ’ തന്റെ അവസാന ചിത്രമായിരിക്കുമെന്നും ഇനി പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകനായിരിക്കുമെന്നുമാണ് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഒരു പ്രോജക്റ്റിൽ കൂടി അദ്ദേഹം സഹകരിച്ചേക്കും എന്നാണ് സൂചന. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് താരം.
അതിനിടെ, കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. വിജയ് സൈക്കിളിൽ പോകുമ്പോൾ ആവേശഭരിതനായ ഒരു ആരാധകൻ അദ്ദേഹത്തിന്റെ നേർക്ക് പൂക്കൾ എറിഞ്ഞിരുന്നു. എന്നാൽ പൂക്കൾ വരുന്നത് കണ്ട് പെട്ടെന്ന് പരിഭ്രാന്തനായ വിജയ് സൈക്കിൾ ഉപേക്ഷിച്ചു പിന്നിലുള്ള വാഹനത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

