റാഞ്ചി: ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്താൻ ശ്രമിച്ച വലിയൊരു റാക്കറ്റിനെ റാഞ്ചി പോലീസ് പിടികൂടി. തമർ പോലീസ് സ്റ്റേഷൻ പരിധിയിലെ രർഗാവിലുള്ള നിർമ്മാണത്തിലിരുന്ന ഒരു വീട്ടിൽ നിന്ന് 159 ഉദ്യോഗാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.(Jharkhand exam fraud, 159 candidates detained by police)
പരീക്ഷയ്ക്ക് മുന്നോടിയായി ഉദ്യോഗാർത്ഥികളെ ഒരിടത്ത് ഒത്തുകൂട്ടി ചോദ്യങ്ങൾ മനഃപാഠമാക്കാൻ സഹായിക്കുന്നു എന്ന രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ നാല് സെറ്റ് ചോദ്യപേപ്പർ രൂപരേഖകളും അവയുടെ ഉത്തരങ്ങളും കണ്ടെടുത്തു.
കണ്ടെടുത്ത ചോദ്യങ്ങളിൽ ചിലത് യഥാർത്ഥ പരീക്ഷാ പേപ്പറുമായി സാമ്യമുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. പരീക്ഷയിലെ 120 ചോദ്യങ്ങളിൽ ഖോർത്ത ഭാഷയുമായി ബന്ധപ്പെട്ട ഒരു ചോദ്യം പൂർണ്ണമായും ചോർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊന്ന് ഭാഗികമായും ഒത്തുപോകുന്നു. എന്നാൽ പരീക്ഷാ പേപ്പർ പൂർണ്ണമായി ചോർന്നുവെന്ന് ഉറപ്പിക്കാൻ നിലവിൽ തെളിവുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ, റാഞ്ചി ഡെപ്യൂട്ടി കമ്മീഷണർ, സീനിയർ പോലീസ് സൂപ്രണ്ട് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. പരീക്ഷാ തട്ടിപ്പുകളിൽ മുൻപും പ്രതിയായിട്ടുള്ള അതുൽ വത്സ് ആണ് ഈ സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഓരോ ഉദ്യോഗാർത്ഥിയുമായും 15 ലക്ഷം രൂപയോളം രൂപയ്ക്കാണ് സംഘം ഇടപാട് നടത്തിയിരുന്നത്. ഉറപ്പിനായി ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളും മറ്റ് ഒറിജിനൽ രേഖകളും സംഘം വാങ്ങി വെച്ചിരുന്നു. കസ്റ്റഡിയിലെടുത്ത 159 ഉദ്യോഗാർത്ഥികളെയും കമ്മീഷൻ നടത്തുന്ന ഭാവി പരീക്ഷകളിൽ നിന്ന് വിലക്കിയതായി ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ചെയർമാൻ അറിയിച്ചു. സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

