കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിങ് പ്ലാന്റിനോട് ചേർന്നുള്ള ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ മിൽമ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മൂന്നാർ ടൗണിലുള്ള രണ്ടേക്കർ ഭൂമിയിൽ നിന്ന് 1.30 ഏക്കർ ഭൂമി കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന് തിരിച്ചുനൽകാനുള്ള ഉത്തരവാണ് കോടതി ശരിവെച്ചത്.(Milma land in Munnar can be taken back, High Court upholds the government’s action)
സർക്കാർ ആദ്യം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന് നൽകിയ ഭൂമി, പിന്നീട് മിൽക്ക് ചില്ലിങ് പ്ലാന്റ് സ്ഥാപിക്കാനായി മിൽമ എറണാകുളം യൂണിയന് കൈമാറുകയായിരുന്നു. ബോർഡിന്റെ തന്നെ ആവശ്യങ്ങൾക്കായി ഭൂമി തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടതിനെതിരെയാണ് മിൽമ കോടതിയെ സമീപിച്ചത്.
മിൽമയുടെ ആവശ്യങ്ങൾക്കായി മാത്രം താൽക്കാലികമായി നൽകിയ ഭൂമി, ലൈവ്സ്റ്റോക്ക് ബോർഡിന്റെ വികസന ആവശ്യങ്ങൾക്കായി തിരിച്ചെടുക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ തീരുമാനം കോടതി അംഗീകരിച്ചു.

