കണ്ണൂർ: ബിജെപി നേതാവ് ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. ശോഭ സുരേന്ദ്രൻ തനിക്ക് നൽകാനുണ്ടായിരുന്ന 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തി (Sobha Surendran Land Deal Dispute). തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ്, ഏപ്രിൽ ഏഴിനാണ് തുക അക്കൗണ്ടിലേക്ക് എത്തിയത്. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് പണം ലഭിച്ചതെന്നും നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി നൽകാമെന്ന വാഗ്ദാനത്തിൽ വാങ്ങിയ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ ശോഭയ്ക്കെതിരായ പരാതി പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണം തിരികെ നൽകിയെങ്കിലും ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളുമായി നന്ദകുമാർ രംഗത്തെത്തിയിട്ടുണ്ട്. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചതായാണ് നന്ദകുമാറിന്റെ പുതിയ ആരോപണം. മധ്യസ്ഥർ വഴിയാണ് പണം കൈമാറിയതെന്നും ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് ശോഭയുടെ ഭാഗത്തുനിന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഇ.പി. ജയരാജനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും നന്ദകുമാർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിച്ച ശോഭ സുരേന്ദ്രൻ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്ന ഈ സാമ്പത്തിക ഇടപാട് വിവാദം ബിജെപി ക്യാമ്പുകളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Summary: Broker Nandakumar revealed that BJP leader Sobha Surendran has returned ₹10 lakhs involved in a controversial land deal. The money was transferred on April 7, two days before the election, from an account belonging to a person named Hariharan. Nandakumar stated he would withdraw the case now that the funds are recovered. However, he leveled new allegations, claiming Sobha spent large sums aiming for the Puducherry Lieutenant Governor post.

