ചിക്കമഗളൂരു: വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം വച്ചാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായത്. പ്രത്യേക ദൗത്യസംഘമാണ് ഇന്ന് മേഖലയിൽ തെരച്ചിൽ നടത്തുന്നത്.(Family suspects mystery behind Malayali girl’s disappearance, Search continues for fourth day)
കർണാടക പൊലീസിനൊപ്പം കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംയുക്തമായാണ് നിലവിൽ പരിശോധന നടക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണവും മലയടിവാരത്തിൽ നിന്ന് മുകളിലേക്ക് കാൽനടയായുള്ള പരിശോധനയും നടക്കുന്നുണ്ട്.
പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന് കുടുംബം സംശയിക്കുന്നു. പ്രാദേശികമായ അന്വേഷണം കൂടുതൽ ശക്തമാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. നാൽപതംഗ വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് ശ്രീനന്ദ ചിക്കമഗളൂരുവിൽ എത്തിയത്. കുടുംബാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ച് പെട്ടെന്നാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നത് വരെ സ്ഥലത്ത് തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.

